സ്‌കൂള്‍ പരിസരത്ത് ഗുണനിലവാരമില്ലാത്ത മിഠായി കച്ചവടം; നാദാപുരത്ത് ഏഴ് കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ

ആരോഗ്യവകുപ്പ് പിടിച്ചെടുത്ത കടയിലെ മിഠായികൾ

നാദാപുരം : മിഠായി കഴിച്ച കല്ലാച്ചി ഗവ. യു.പി. സ്കൂളിലെ ഏഴു വിദ്യാർഥികൾക്ക്‌ ഭക്ഷ്യവിഷബാധയേറ്റു. ഇവർ നാദാപുരം ഗവ. താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഏഴാംക്ലാസ് വിദ്യാർഥികളായ വലിയകണ്ടിയിൽ അമലിക, തിങ്കൾമലയിൽ മുകിൽ, അഞ്ചാംപാറ അഷ്‌നിയ, തീർച്ചിലോത്ത് അനന്യ, മീത്തലെ കുനിയിൽ ഋതുവർണ, മീത്തലെ പറമ്പത്ത് മാളവിക, പാർഥിപ് മണ്ണച്ചംകണ്ടിയിൽ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വിദ്യാർഥികൾക്ക് തലവേദന, തലകറക്കം, പനി, വയറുവേദന, ഓക്കാനം, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടു. വിദ്യാർഥികൾക്കുണ്ടായ അസ്വസ്ഥതയുടെ കാരണം ആദ്യം മനസ്സിലായിരുന്നില്ല.

പനി വന്നവർക്ക് കോവിഡ് പരിശോധന നടത്തി. തുടർന്നാണ് വിദ്യാർഥികൾ സ്കൂളിലേക്കുള്ള വഴിയിൽ കടയിൽനിന്ന് മിഠായി വാങ്ങി കഴിച്ച വിവരം ആരോഗ്യവകുപ്പ് അധികൃതരോട് പറയുന്നത്.
കുമ്മങ്കോട് എം.എം. സ്റ്റോർ, വരിക്കോളി ട്വന്റി ട്വന്റി സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് മിഠായി വാങ്ങിയ വിദ്യാർഥികൾക്കാണ് പ്രശ്നമുണ്ടായതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. രണ്ടു കടകളിൽനിന്ന് ഒരേതരം മിഠായിയാണ് വിദ്യാർഥികൾ വാങ്ങിക്കഴിച്ചത്. നാദാപുരം താലൂക്കാശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തി.

ഗുണനിലവാരമില്ലാത്തതും വൃത്തിഹീനവുമായ വിവിധതരം മിഠായികൾ രണ്ടു കടകളിൽനിന്നും പിടിച്ചെടുത്തു. പിടിച്ചെടുത്ത സാധനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പധികൃതർക്ക് കൈമാറും. സ്കൂൾ പരിസരങ്ങളിൽ ഗുണനിലവാരമില്ലാത്ത മിഠായികളും മറ്റ് ഭക്ഷ്യോത്പന്നങ്ങളും വിൽക്കുന്നവരുടെപേരിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. എം. ജമീല അറിയിച്ചു.


ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികളെ നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി സന്ദർശിച്ചു. വിദ്യാർഥികളെ പരിശോധിച്ച ഡോക്ടർമാർ ഇവരുടെ ആരോഗ്യനിലയിൽ പൂർണതൃപ്തി രേഖപ്പെടുത്തി. ഇതേത്തുടർന്ന് വൈകുന്നേരം ആശുപത്രിയിൽനിന്ന്‌ ഡിസ്ചാർജ് ചെയ്തു.
Previous Post Next Post