കൂളിമാട് പാലത്തിൻ്റെ തകർച്ചയിൽ യുഎൽസിസിക്ക് താക്കീത്, രണ്ട് പൊതുമരാമത്ത് എഞ്ചിനീയർമാർക്ക് സസ്പെൻഷൻ
കോഴിക്കോട്: ചാലിയാറിന് കുറുകെയുള്ള കൂളിമാട് പാലം തകർന്ന സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദ്ദേശിച്ചു. പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കുമെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം നൽകിയത്. പാലം തകർച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി റിയാസ് നിര്‍ദ്ദേശം നല്‍കിയത്.


Read alsoയു.ഡി.എഫ്. മലയോര ഹർത്താൽ നാളെ

പാലത്തിൻ്റെ നിർമാണ ചുമതലയുണ്ടായിരുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കര്‍ശന താക്കീത് നൽകാനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മേലില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകണം. ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷമേ നിര്‍മാണങ്ങൾ നടത്താവൂ എന്നും ഊരാളുങ്കലിനോട് നിർദേശിച്ചു. പാലം തകർച്ചയുമായി ബന്ധപ്പെട്ട് PWD വിജിലൻസ് ആദ്യം സമർപ്പിച്ച റിപ്പോർട്ട് മന്ത്രി തിരിച്ചയച്ചിരുന്നു.

പാലം നിർമ്മാണം നടക്കുന്ന സൈറ്റിൽ നിരീക്ഷണവും പരിശോധനയും നടത്തേണ്ട ചുമതല അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ആയിരുന്നു. എന്നാൽ അപകടസമയത്ത് ഈ ഉദ്യോഗസ്ഥൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നു. ഇദ്ദേഹത്തിന് പകരം ആരെയാണ് നിർമ്മാണം നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയത് എന്ന ചോദ്യത്തിന് കൃത്യമായ വിശദീകരണം നൽകാൻ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് സാധിച്ചില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. താൻ സൈറ്റിലുണ്ടായിരുന്നുവെന്ന് പറഞ്ഞ അസി.എകിസ്യൂട്ടീവ് എഞ്ചീനിയർ പക്ഷേ അപകടം നടക്കുന്നത് കണ്ടില്ലെന്ന് കൂടി മൊഴി നൽകിയിരുന്നു. ഇതാണ് ഇദ്ദേഹത്തിനെതിരായ നടപടിക്ക് കാരണം.


സംസ്ഥാന സർക്കാരിന് വേണ്ടി നിർണായകമായ അസംഖ്യം പദ്ധതികൾ നടപ്പാക്കുകയും സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കി അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്ത് ഊരാളുങ്കൽ ലേബർ കോർപ്പറേഷന് ഇതാദ്യമായാണ് ഒരു കർശന താക്കീത് സർക്കാരിൽ നിന്നുണ്ടാവുന്നത്. മേലിൽ ഇത്തരം വീഴ്ചകളുണ്ടാവരുതെന്നും നിർമ്മാണ സമയത്ത് സുരക്ഷക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും ഊരാളുങ്കല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാലം നിർമ്മാണം പുനരാരംഭിക്കണമെന്ന് മന്ത്രി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു മുന്നോടിയായി പാലത്തിൽ സുരക്ഷ ഉറപ്പാക്കാണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരായ നടപടി വകുപ്പ് സെക്രട്ടറി സ്വീകരിക്കും.

വിജിലൻസ് തയ്യാറാക്കിയ റിപ്പോർട്ട് മടക്കിയത് കുറച്ചുകൂടി വ്യക്തത ആവശ്യമുള്ളത് കൊണ്ടാണെന്ന് മന്ത്രി നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ടെക‍്‍നിക്കൽ, മാന്വൽ വശങ്ങളും പരിശോധിക്കേണ്ടതുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് വ്യക്തത വരുത്തി റിപ്പോർട്ട് നൽകാനാണ് PWD വിജിലൻസിനോട് ആവശ്യപ്പെട്ടതെന്നും റിയാസ് പറഞ്ഞു.

കൂളിമാട് പാലത്തിന്‍റെ തകര്‍ച്ച സംബന്ധിച്ച് PWD വിജിലന്‍സ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഈ മാസം പത്തിനാണ് മന്ത്രി തിരിച്ചയച്ചത്. അപകട കാരണം സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ തൃപ്തികരമല്ലെന്നും കൂടുതല്‍ പഠനം നടത്തി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാണമെന്നുമുള്ള നിർദേശത്തോടെയാണ് മന്ത്രി റിപ്പോർട്ട് മടക്കിയത്. അപകടത്തിലേക്ക് നയിച്ചത് മാനുഷിക പിഴവോ ഹൈഡ്രോളിക് ജാക്കിന്‍റെ തകരാറോ ആകാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വേണമെന്നായിരുന്നു മന്ത്രി നിലപാട്.

കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് കൂളിമാട് കടവില്‍ നിര്‍മിക്കുന്ന പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്ന് ഒരു മാസമായപ്പോൾ ആണ് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ കൈയില്‍ കിട്ടിയ റിപ്പോര്‍ട്ട് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉടനടി മടക്കി. അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജീനിയര്‍ എം അന്‍സാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രണ്ട് പിഴവുകളെക്കുറിച്ചാണ് പറയുന്നത്.


ബീമുകള്‍ ഉറപ്പിപ്പിക്കുമ്പോൾ ഹൈഡ്രോളിക് ജാക്ക് തകരാറായതാണ് ഒരു പ്രശ്നം. പ്രവൃത്തി നടക്കുന്ന സ്ഥലത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നടതടക്കം മാനുഷിക പിഴുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇതില്‍ എന്താണ് അപകടത്തിലേക്ക് നയിച്ച പ്രധാന കാരണമെന്ന് വ്യക്തമാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. മാത്രമല്ല, മാനുഷിക പിഴവാണെങ്കില്‍ വിധഗ്ധ തൊഴിലാളികള്‍ ഇല്ലാതിരുന്നതാണോ അപകടത്തിന് കാരണമെന്ന് വിശദമാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. ഇക്കഴിഞ്ഞ മെയ് 16നായിരുന്നു കൂളിമാട് പാലത്തിന്‍റെ മൂന്ന് ബിമുകള്‍ നിര്‍മാണത്തിനിടെ തകര്‍ന്നത്. അപകടം നടക്കുന്പോള്‍ പ്രവൃത്തിയുടെ ചുമതലയിലുണ്ടായിരുന്നവര്‍ ഉള്‍പ്പടെ എൻഞ്ചിനീയേഴ്സ് അസോസിയേഷന്‍രെ കലാകായിക മേളയില്‍ പങ്കെടുക്കുകയാിരുന്നുവെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.

അതേസമയം പാലത്തിന്‍റെ നിർമാണപ്രവൃത്തി ഒരു മാസമായി നിലച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.നിർമ്മാണം പുനരാരംഭിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന് പ്രദേശവാസികൾ കൂട്ട ഇ മെയിൽ അയച്ചു.
Previous Post Next Post