നാടോടി സ്ത്രീ ഭിക്ഷചോദിക്കാനെത്തി, മൂന്നര വയസുള്ള കുട്ടിയെ എടുത്ത് ഓടി; രക്ഷകരായത് തൊഴിലുറപ്പ് തൊഴിലാളികൾ

പത്തനംതിട്ട,: അടൂരിൽ മൂന്നര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇളമണ്ണൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഭിക്ഷ ചോദിച്ച് വീട്ടിലെത്തിയ സ്ത്രീ സിറ്റൗട്ടിലിരുന്ന കുട്ടിയെയും എടുത്ത് ഓടുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളാണ് കുഞ്ഞിനെയും കൊണ്ടോടുന്ന നാടോടി സ്ത്രീയെ ആദ്യം കണ്ടത്.

അപകടം മനസിലാക്കിയ തൊഴിലുറപ്പ് തൊഴിലാളികൾ തന്നെയാണ് നാടോടി സ്ത്രീയുടെ പിന്നാലെയോടി കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് നാട്ടുകാർ ഇവരെ തടഞ്ഞുവെയ്ക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസിന്റെ പിടിയിലായപ്പോൾ ഊമയായി അഭിനയിക്കുകയായിരുന്നു ഇവർ.
നാടോടി സ്ത്രീയെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. രാവിലെ ഇവർ പല വീടുകളിലും ഭിക്ഷ ചോദിച്ച് ചെന്നിരുന്നുവെന്നും നാട്ടുകാർ പറയുന്നു. വീട്ടുകാർ പണം എടുക്കാനായി വീട്ടിനകത്തേക്ക് പോയപ്പോഴാണ് സിറ്റൗട്ടിലിരുന്ന കുട്ടിയെയും എടുത്ത് നാടോടി സ്ത്രീ കടന്നുകളഞ്ഞത്.
Previous Post Next Post